Saturday 15 August 2015

പിടക്കോഴിയുടെ സ്വപ്നം

ശാസ്ത്രം ഇത്ര പുരോഗമിക്കുന്നതിനു മുന്‍പ് മൃഗങ്ങള്‍ക്കും മനുഷ്യരെപ്പോലെ ആത്മാവുണ്ടോ എന്നായിരുന്നു നമ്മുടെ സംശയം. എന്നാല്‍ വ്യവസായടിസ്ഥാനത്തില്‍ ശാസ്ത്രം ഉത്പാദിപ്പിക്കാന്‍ തുടങ്ങിയപ്പോഴേക്കും മൃഗങ്ങള്‍ക്ക് ജീവനുണ്ടോ എന്ന സംശയത്തിനു പോലും ഇടമില്ലാത്ത വിധം നാം അറിവുള്ളവരായി. അതുകൊണ്ടാണ് ചിന്നുക്കുട്ടിയുടെ വീട്ടിലെ, സാധാരണ അര മണിക്കൂര്‍ കൊണ്ട് മുട്ടയിടാറുള്ള തള്ളക്കോഴിക്ക്  അന്ന് രണ്ട് മണിക്കൂറായിട്ടും അതിനു കഴിയാതിരുന്നത്.

സ്കൂളില്‍ പ്രകാശസംശ്ലേഷണത്തിന്റെ പാഠം തുടങ്ങിയ ദിവസമാണ് ചിന്നുക്കുട്ടിയുടെ അച്ഛന്‍ കോഴിയെ കുത്തിവെപ്പിനു കൊണ്ടുപോയത്. ശാസ്ത്‌രത്തിന്റെ സാധ്യതകളില്‍ അതീവ തത്പരനായിരുന്നു അയാള്‍. അതുകൊണ്ടാണ് ഇന്നാട്ടുകാര്‍ക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത 'വലിയ മുട്ടയിടാനുള്ള കുത്തിവെപ്പ്' അയാള്‍ തന്റെ കോഴിയില്‍ പരീക്ഷിച്ചത്. ഇന്ന് ഏവര്‍ക്കും പരിചിതമായ അടയിരിക്കാത്ത മുട്ടക്കോഴിയെ ആദ്യമായി നാട്ടില്‍ അവതരിപ്പിച്ചതും അയാള്‍ തന്നെയായിരുന്നു.

അയാളുടെ ശാസ്ത്രഭ്രമത്തെ കുറിച്ച് അറിവില്ലാതിരുന്നത് ഒരുപക്ഷെ അയാളുടെ കോഴിക്കു മാത്രമായിരുന്നിരിക്കാം. അതുകൊണ്ടാണല്ലൊ ഇതൊന്നുമറിയാതെ അത് സ്വപ്നം കാണാന്‍ ആരംഭിച്ചത്.

എല്ലാ അമ്മമാരെയും പോലെ നമ്മുടെ പിടക്കോഴിയും വേദന മറക്കുവാനായി മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞിനെയോര്‍ത്തു. പിന്നെയും സമയം കടന്നു പോകേണ്ടിയിരുന്നതിനാല്‍ പാമ്പായും പരുന്തായും വരാനിരിക്കുന്ന പ്രതിബന്ധങ്ങളെയും, മനുഷ്യനൊഴികെ തനിക്കറിയാവുന്ന എല്ലാ ജീവികളില്‍ നിന്നും തന്റെ കുഞ്ഞിനെ സംരക്ഷിക്കുന്നതും അവള്‍ സ്വപ്നം കണ്ടു. ഒടുവില്‍ സ്വപ്നത്തിലും യാഥാര്‍ത്ഥ്യത്തിലുമായി രണ്ടു മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍, അവള്‍ ശാസ്ത്രത്തിന്റെ വിജയം കുറിക്കുന്ന വലിയൊരു മുട്ടയിട്ടു. അപ്പുറത്തു അപ്പോളും ചിന്നുക്കുട്ടി പഠിക്കുന്നുണ്ടായിരുന്നു, 'പശു നമ്മള്‍ക്കു പാല്‍ തരുന്നു; കോഴി നമ്മള്‍ക്കു മുട്ട തരുന്നു.'

Thursday 21 May 2015

കോമാളി

കൂടുതല്‍ വളം പ്രയോഗിച്ച്
പൂച്ചെടി കരിക്കുന്നത് പോലെ
എന്റെ നിഷ്കളന്ക മോഹങ്ങള്‍
നിഷ്ഫലതയില്‍ കലാശിക്കുന്നു.

എന്റെ കുറവുകളില്‍ ഏറെയും
പലതിന്റെയും കൂടുതലില്‍ നിന്നും വരുന്നു.

കൂടുതല്‍  അറിവ്
മനുഷ്യരെ ഭ്രാന്തരാക്കുന്നു
കൂടുതല്‍  പ്രകാശം
കണ്ണുകള്‍ അന്ധമാക്കുന്നു
അതുപോലെ;
ഞാന്‍ ഭയപ്പെടുന്നു
എന്റെ സ്നേഹക്കൂടുതല്‍
എന്നെയൊരു കോമാളിയാക്കുന്നുവെന്ന്